27 February, 2022 12:15:31 PM


ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ; ഈ വര്‍ഷം എട്ടാമത്തെ പരീക്ഷണം



പ്യോങ്ഗ്യാങ്ങ്: ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്ക് മാറി കരയില്‍ നിന്നും കടലിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത് എന്നാണ് വിവരം. 2022ലെ ഉത്തരകൊറിയയുടെ എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ഗ്യാങ്ങില്‍നിന്നും കിഴക്ക് മാറി സുനാന്‍ കടല്‍ തീരത്ത് ഞായറാഴ്ച രാവിലെ 7.52 ഓടെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.

മിസൈല്‍‍ പരീക്ഷണത്തിന്‍റെ കൂടുതല്‍‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ദക്ഷിണകൊറിയന്‍‍ മാധ്യമങ്ങള്‍ വഴി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനുവരി മാസത്തില്‍ മാത്രം ഉത്തരകൊറിയ 7 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്നാണ് ആരോപണം.2021 ല്‍ ആകെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെക്കാള്‍ അധികമാണ് ഇത്. എന്നാല്‍ ഫെബ്രുവരി ആദ്യം എന്നാല്‍ ചൈനയില്‍ വിന്റര്‍ ഒളിംപിക്സ് നടക്കുന്നതിനാലാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും വിട്ടുനിന്നത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. വിന്‍റര്‍ ഒളിംപിക്സ് സമാപിച്ചതോടെ വീണ്ടും മിസൈല്‍ പരീക്ഷണം തുടങ്ങുകയായിരുന്നു. 

ഉക്രൈയിന്‍ റഷ്യ പ്രതിസന്ധിയില്‍ ലോക രാജ്യങ്ങള്‍ പ്രത്യേകിച്ച് അമേരിക്ക ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന സമയത്താണ് ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. 2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ പരീക്ഷണം നടത്തിയിരുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനെ പ്രകോപിപ്പിക്കാനായിരുന്നു നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടര്‍ന്ന് യുദ്ധ സമാനമായ സാഹചര്യം മേഖലയില്‍‍ രൂപപ്പെട്ടിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K