05 March, 2022 08:24:26 PM


ഡോണ്‍ മണം പിടിച്ചു; ‍ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിലായി



കോട്ടയം: കോട്ടയം റയിൽവേ സ്‌റ്റേഷനിൽ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയിൽനിന്ന് ട്രെയിനിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽനിന്നാണ് 3.823 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. അന്യസംസ്ഥാനങ്ങളിൽനിന്നും ട്രെയിൻമാർഗം മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 

ഇന്നലെ വൈകി ട്രെയിൻമാർഗം എത്തിയവരുടെ ബാഗുകളും മറ്റും ഡോഗ് സ്‌ക്വാഡിന്‍റെ സഹായത്താൽ പരിശോധിക്കവേയാണ് ഒറീസാ സ്വദേശി പരേഷ് നായ്ക് (29) കഞ്ചാവ് അടങ്ങിയ ബാഗുമായി പിടിയിലായത്. കെ9 സ്‌ക്വാഡിലെ ഡോൺ എന്ന പോലീസ് നായയാണ് ബാഗിൽ കഞ്ചാവ് ഉണ്ടെന്നുള്ള സൂചന നൽകിയത്. ഒളിപ്പിച്ചുവച്ചിരിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെത്താൻ പോലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് ഡോൺ. 

കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, നർക്കൊടിക് സെൽ ഡിവൈ.എസ്.പി. എം.എം. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഈസ്റ്റ് പോലീസ്, ആന്‍റി നർകോട്ടിക് സെൽ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പോലീസ് നായ ഡോൺ നൽകിയ സൂചന പിൻതുടർന്ന് ഈസ്റ്റ് എസ്.എച്ച്.ഒ. യു. ശ്രീജിത്തിന്‍റെയും എസ്.ഐ. അനുരാജ് എം.എച്ചിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തിൽ ഉദ്യോഗസ്ഥരായ ഷിബുക്കുട്ടൻ, സജീവ് ചന്ദ്രൻ, പ്രതീഷ്‌രാജ്, വിപിൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു എന്നിവരും കെ.9 സ്‌ക്വാഡിലെ ഡോണിന്‍റെ ഹാൻഡലർ ആയ പ്രേംജിയും ഉണ്ടായിരുന്നു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K