20 January, 2026 07:35:33 PM
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും

കോട്ടയം: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.30ന് പരേഡ് ചടങ്ങുകൾ ആരംഭിക്കും. ഒൻപതിന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും.
പോലീസ്, എക്സൈസ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ് എന്നിവയുൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.കെ. പ്രശോഭ് പരേഡ് നയിക്കും. റിഹേഴ്സൽ 22,23,24 തീയതികളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും.
ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം റിപബ്ലിക് ദിന പരേഡിന്റെ തയാറെടുപ്പുകൾ വിലയിരുത്തി.





