22 January, 2026 06:18:01 PM
പോക്കുവരവിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കോട്ടയം: പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്. പോക്കുവരവ് ചെയ്തു കൊടുക്കുന്നതിന് വസ്തു ഉടമയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാൾ പെട്ടത്.
സ്ഥലത്തിൻ്റെ പോക്കുവരവിനെത്തിയ ആളോട് ആദ്യം ആയിരം രൂപാ കൈപ്പറ്റിയ വിഷ്ണു വീണ്ടും രണ്ടായിരം രൂപാ കൂടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ പോക്കുവരവിനെത്തിയ ആൾ വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.





