20 January, 2026 07:34:11 PM
കുടുംബശ്രീ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾക്ക് തുടക്കം

കോട്ടയം: കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾക്ക് ജില്ലയിൽ തുടക്കമായി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, കോഴാ, പാമ്പാടി, മാടപ്പള്ളി, സംക്രാന്തി എന്നവിടങ്ങളിൽ കൗണ്ടറുകൾ തുറന്നു. ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗറ്റ്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്പ്, ചിക്കൻ ബ്രീഡഡ് പോപ്‌സ്, ചിക്കൻ-മീറ്റ് റോൾസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ മീറ്റ് പോയിന്റ് കൗണ്ടറുകളിലൂടെ ലഭിക്കും.
കുടുംബശ്രീ കഫെ, കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിര വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കൽ, ചേരുവകളുടെ സംസ്‌കരണം, ഫുഡ് പാക്കിംഗ്, പർച്ചേസിംഗ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകും. എല്ലാ ടേക്ക് എവേ കൗണ്ടറുകളും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇരുന്നൂറിലേറെ വനിതകൾക്ക് സ്ഥിരതയുള്ള തൊഴിലും സ്ഥിര വരുമാനവും ഉറപ്പാക്കാൻ കഴിയുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു.





