23 January, 2026 07:42:58 PM
പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ പത്ത് വർഷങ്ങൾ: കോട്ടയം ജില്ലാ സെമിനാർ ശനിയാഴ്ച

കോട്ടയം: നവകേരളം കർമപദ്ധതി രണ്ട് ഹരിതകേരളം മിഷന്റെ ഭാഗമായി ' പരിസ്ഥിതി പുനസ്ഥാപനത്തിന്റെ പത്തു വർഷങ്ങൾ' എന്ന വിഷയത്തിൽ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിൽ ജനുവരി 24 ന് പരിസ്ഥിതി സെമിനാർ നടത്തും. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ശനിയാഴ്ച രാവിലെ 11നു നടക്കുന്ന സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ആമുഖ പ്രഭാഷണം നടത്തും.
'പരിസ്ഥിതി പുനഃസ്ഥാപനം ഭാവി പരിപ്രേക്ഷ്യം'എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.വി സതീഷും ജില്ലയുടെ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ 10 വർഷങ്ങൾ എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.എസ.് ഷൈനും അവതരണം നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും ഉപാധ്യക്ഷരും സെമിനാറിൽ പങ്കെടുക്കും.
ജനുവരി 20ന് കോട്ടയം ഗവൺമെന്റ് കോളേജിൽ വച്ച് സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കും ഹരിതകർമസേന അംഗങ്ങൾക്കും സെമിനാറിൽ വച്ച് സമ്മാനംനൽകും.
ക്വിസ് ഹൈസ്‌കൂൾ വിഭാഗത്തിൽ എം.ഡി സെമിനാരി എച്ച്.എസ്.എസിലെ സഞ്ജയ് അനിൽ കുമാർ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഇത്തിത്താനം എച്ച്.എസ്.എസിലെ ഗൗരി കൃഷ്ണയും വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ്.എസിലെ ശ്രിയ ശ്രീകാന്തും നേടി. യു.പി വിഭാഗത്തിൽ ഗവ. യു.പി സ്‌ക്കൂൾ വെള്ളൂത്തുരുത്തിയിലെ ഹാമേൽ ഷൈജു വർഗ്ഗീസ് ഒന്നാം സ്ഥാനവും എം.ഡി സെമിനാരി എച്ച് എസ് എസിലെ നിഷാൻ ഷെറഫ് രണ്ടാം സ്ഥാനവും നേടി.
ഹരിതകർമസേന വിഭാഗത്തിൽ ഏറ്റുമാനൂർ നഗരസഭയിലെ 23 -ാം വാർഡിലെ വി.ബി. ഉഷാകുമാരി, ഒന്നാം സ്ഥാനവും 11-ാം വാർഡിലെ ആശാ ബൈജു രണ്ടാം സ്ഥാനവും നേടി.
ഉപന്യാസ രചന വിഭാഗത്തിൽ കോളേജ് തലത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ ശാലു ശശി ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് കോളജിലെ ആഞ്ജലീന സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസകൂൾ തലത്തിൽ കുറിച്ചി ഗവ. ടെക്നിക്കൽ ഹൈസ്‌ക്കൂളിലെ അഭിനവ് എ.പി ഒന്നാം സഥാനവും പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ ശ്രീലക്ഷമി എസ് രണ്ടാം സഥനവും നേടി.





