20 April, 2022 05:59:59 PM


ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ പെട്രോളുമായി ഗൃഹനാഥന്റെ ആത്‍മഹത്യാശ്രമം



ഏറ്റുമാനൂർ: ജപ്തിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ ഗൃഹനാഥൻ പെട്രോളുമായി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഏറ്റുമാനൂർ മാടപ്പാട് പേമല വീട്ടിൽ ഷാജിയുടെ മകൻ ഷിജിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഷിജിൻ കോട്ടയം കോ - ഓപറേറ്റീവ് അർബൻ ബാങ്കിൽനിന്നു എടുത്ത വായ്പ  30 ലക്ഷം രൂപ കോവിഡ് ആയതോടെ തിരിച്ചടയ്ക്കാനാവാതെ വന്നു. ബാങ്ക് നിയമനടപടികളുമായി നീങ്ങിയപ്പോൾ ഹൈ കോടതിയെ സമീപിച്ച ഷിജിന് മൂന്നു തവണകളായി കുടിശിഖ തിരിച്ചടക്കാൻ കോടതി സാവകാശം നൽകി. എന്നാൽ ഇപ്രകാരം തുക സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് ഷിജിന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകന്റെ നിർദേശപ്രകാരം രണ്ടു തവണ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി പണം നൽകി.

മൂന്നാം തവണ കഴിഞ്ഞ 15ന് അടക്കണമായിരുന്നു. എന്നാൽ രണ്ടു ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും നൽകാൻ ബാങ്ക് തയാറായില്ല. ഡിമാൻഡ് ഡ്രാഫ്റ്റ് സ്വീകരിക്കാൻ പോലും തയ്യാറാകാതെ ജപ്തിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരുടെയും വനിതാ അഡ്വക്കേറ്റ് കമ്മിഷണറുടെയും മുന്നിലാണ് ശരീരത്തു പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ഷിജിൻ ആത്‍മഹത്യക്കു ഒരുങ്ങിയത്.

ഷിജിൻ ആത്മഹത്യയ്ക്കു ശ്രമിച്ചത്തോടെ ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് കമ്മിഷണറും വീടിനുള്ളിൽ നിന്നും പുറത്തേക്കു ഇറങ്ങി ഓടി. കോടതി നിർദേശിച്ചപ്രകാരം വായ്പ തിരിച്ചടക്കാൻ പോലും സമ്മതിക്കാതെയുള്ള ബാങ്കിന്റെ നടപടി ഭൂമാഫിയായ്ക്ക് വേണ്ടിയാണെന്ന് സ്ഥലത്തെത്തിയ പൗരപ്രമുഖരും നാട്ടുകാരും ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K