26 April, 2022 08:01:46 PM


കളക്ടറേയും പൊലീസ് മേധാവിയെയും മുട്ടുകുത്തിച്ച് പഴക്കുല സ്വന്തമാക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ടീമും

വനിത സൗഹൃദ വടംവലി മത്സരം അക്ഷരനഗരിയിൽ ആവേശം വിതറി

 

കോട്ടയം: ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നേതൃത്വം നൽകിയ വനിത ഉദ്യോഗസ്ഥ സംഘത്തെ വടംവലിയിൽ സൗഹൃദത്തോടെ തോൽപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ വനിത ജനപ്രതിനിധി ടീം.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 28 മുതൽ മേയ് 4 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെ പ്രചരണാർത്ഥം തിരുനക്കര മൈതാനത്ത് നടത്തിയ വനിത സൗഹൃദ വടംവലി മത്സരത്തിലാണ് ജനപ്രതിനിധികളുടെ ടീം വിജയിച്ചത്.

ഒരു വശത്ത് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെയും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെയും നേതൃത്വത്തിലുള്ള ടീമും മറുവശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ നേതൃത്വത്തിലുള്ള ടീമുമാണ് അണിനിരന്നത്. വടംവലി മത്സരം ഉദ്ഘാടനം ചെയ്ത സി.കെ. ആശ എം.എൽ.എ. തന്നെ വിസിലടിച്ച് റഫറി റോളിൽ മത്സരം നിയന്ത്രിച്ചു.


കാണികൾ ഹർഷാരവത്തോടെയാണ് മത്സരത്തെ പ്രോത്സാഹിപ്പിച്ചത്. രണ്ടു തവണയും ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ വലിച്ചിട്ടതോടെ മത്സരം സമാപിച്ചു. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് വിജയികളായ ജനപ്രതിനിധികളുടെ സംഘത്തിന് സമ്മാനമായി ഞാലിപ്പൂവൻ പഴക്കുല കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നയിച്ച ടീമിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ഹേമലത പ്രേംസാഗർ, ഡോ. റോസമ്മ സോണി, ഹൈമി ബോബി, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, കോട്ടയം നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, വാഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സേതുലക്ഷ്മി എന്നിവർ അണിനിരന്നു.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നയിച്ച ടീമിൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, എ.ഡി.എം ജിനു പുന്നൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) എൻ. പ്രിയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ്ജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, എ.ഡി.സി. ജനറൽ ജി. അനീസ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ കെ.ബി. ശ്രീകല, സ്പോർട്സ് കൗൺസിൽ സെക്രട്ടറി രഞ്ജിനി രാമചന്ദ്രൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം ജീവനക്കാരായ എസ്. ലിമ, പി. പ്രീത എന്നിവർ പങ്കാളികളായി.

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഐ.-പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഡോ. ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K