27 April, 2022 10:34:44 AM


ഡിഎംകെ സ്ഥാനാർഥിക്ക് ഏറ്റുമാനൂരിൽ വോട്ടില്ല; പകരം ആളെ കണ്ടെത്താൻ ഭാരവാഹികൾ




ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭ  ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ പ്രഖ്യാപിച്ച സ്ഥാനാർഥിക്ക് ഏറ്റുമാനൂരിൽ വോട്ടില്ല. ഇതേതുടർന്നു മത്സരിക്കാൻ പറ്റാതായതോടെ മറ്റൊരാളെ പകരം നിർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. പാർട്ടിയുടെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയും പേരൂർ സ്വദേശിനിയുമായ മിനിമോൾ ജോർജ് മത്സരിക്കുമെന്നായിരുന്നു പാർട്ടി സംസ്ഥാന - ജില്ലാ ഭാരവാഹികൾ പ്രഖ്യാപിച്ചത്.

എന്നാൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്തിനു മുൻപ് നടത്തിയ പരിശോധനയിലാണ് മിനിക്ക് നഗരസഭ അതിർത്തിയിൽ വോട്ടില്ലെന്നു മനസിലായത്. മുൻ തിരഞ്ഞെടുപ്പിൽ പേരൂരിൽ മിനി വോട്ടു രേഖപ്പെടുത്തിയിരുന്നുവത്രേ. ഇതേതുടർന്നു പാർട്ടി പ്രവർത്തകരിൽ മികച്ച ഒരാളെ കണ്ടെത്തി രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ നേതൃത്വം. നഗരസഭ പരിധിയിൽ വോട്ടുള്ള പറ്റിയ ഒരാളെ കിട്ടാത്ത പക്ഷം തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ മൂന്നാർ മോഹൻദാസ്, ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാർ എന്നിവർ പറഞ്ഞു.

മെയ്‌ 17ന് 35 ആം വാർഡിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരത്തിന് തയ്യാറെടുക്കുന്ന എൽഡിഎഫും യുഡിഎഫും ബിജെപിയും നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) മധ്യകേരളത്തിൽ ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായത്. ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാനതീയതി. പത്രികസമർപ്പണത്തിനായി സംസ്ഥാന പ്രസിഡന്റ്‌ ഉൾപ്പെടെ നേതാക്കൾ ഏറ്റുമാനൂരിൽ എത്തിയിട്ടുണ്ട്.

സുനിൽകുമാർ എൻ എസ് ആണ് യു ഡി എഫ് സ്ഥാനാർഥി. ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി കെ മഹാദേവനും എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ആർ നായരുമാണ് രംഗത്തുള്ളത്. ബി.ജെ.പിയുടെ വിഷ്ണു മോഹൻ ആയിരുന്നു ഈ വാർഡിനെ നഗരസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. ഇദ്ദേഹം കൗൺസിലർ സ്ഥാനം രാജി വെച്ച് ഭാര്യയ്ക്കൊപ്പം വിദേശത്തേയ്ക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിതുറന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K