23 June, 2022 09:44:03 PM


നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്ക് വീണ്ടും ഇ ഡി നോട്ടീസ്



ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്ക് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ മാസം അവസാനം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തിയതി നോട്ടീസില്‍ കൃത്യമായി പറയുന്നില്ല. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.

കൊവിഡ് സുഖപ്പെട്ടതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുന്‍പാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. 

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K