15 September, 2022 07:28:57 AM
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആസാദ് റൗഫ് അന്തരിച്ചു

ലഹോർ: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ പാക്കിസ്ഥാൻകാരനായ ആസാദ് റൗഫ് (66) അന്തരിച്ചു. ലാഹോറിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് സഹോദരൻ തഹിർ റൗഫ് അറിയിച്ചു. ഓൺ ഫീൽഡ് അമ്പയറായും ടിവി അമ്പയറായും 242 അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച റൗഫ് ഐസിസിയുടെ എലൈറ്റ് അമ്പയര്മാരിലൊരാളായിരുന്നു.
പാക്കിസ്ഥാന്റെ ഏറ്റവും പ്രമുഖ അമ്പയർമാരിൽ ഒരാളായിരുന്നു റൗഫ്. 2000 മുതല്‍ 2013 വരെ 64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20ലും 11 വനിതാ ട്വന്റി20 മത്സരങ്ങളിലും അമ്പയറായി. 2000ൽ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര അമ്പയറിംഗിലെത്തുന്നത്. 2005 തന്റെ ആദ്യ ടെസ്റ്റ് നിയന്ത്രിച്ച അദ്ദേഹം 2006ൽ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉയർത്തപ്പെട്ടു.
2013 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന ആസാദിന് ഐപിഎല്ലിലെ ഒത്തുകളിയെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാദമായ 2013 ഐപിഎല്ലില്‍ ആസാദ് ഒത്തുകളിക്ക് കൂട്ടുനിന്നെന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് 2016-ല്‍ ഇദ്ദേഹത്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.
2013 മേയ് 19ന് നടന്ന കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- സൺറൈസേഴ്സ് ഹൈദരാബാദ് മത്സരമാണ് റൗഫ് അവസാനം നിയന്ത്രിച്ചത്. പിന്നീട് ക്രിക്കറ്റുമായുള്ള ബന്ധം വിട്ട ആസാദിന്റെ പേര് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അമ്പയറിംഗ് ജോലി വിട്ട ആസാദ് പാക്കിസ്ഥാനിൽ വസ്ത്രം വിറ്റ് ജീവിക്കുന്ന കാര്യമാണ് വാർത്തയായത്. ഈ വാര്‍ത്ത അത്ഭുതത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്.
"2013 മുതല്‍ ഞാന്‍ ക്രിക്കറ്റുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. ഒരിക്കല്‍ ഞാനത് ഉപേക്ഷിച്ചതാ ണ്. ഇനിയൊരു തിരിച്ചുവരവില്ല. ഇപ്പോള്‍ എനിക്ക് വേണ്ടിയല്ല എന്റെ കടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഞാന്‍ വസ്ത്രം വില്‍ക്കുന്നത്.' -ഇതായിരുന്നു ഈ വാർത്തകളോടുള്ള ആസാദിന്റെ പ്രതികരണം.