24 January, 2023 11:38:27 AM


ജപ്പാനിൽ ജനന നിരക്ക് കുറയുന്നു; അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി



ടോക്കിയോ: രാജ്യത്ത് ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിധ.. ഇപ്പോഴെങ്കിലും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ജപ്പാൻ ഭരണകൂടം പറയുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സർവ്വേഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനന നിരക്ക് വർധിപ്പിക്കാനായി നിരവധി നടപടികളും ജപ്പാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകുന്ന മാതാപിതാക്കൾക്ക് സാമ്പത്തിക സഹായമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഏകദേശം 800000 ആണ് കഴിഞ്ഞ വർഷം ജനിച്ച കുട്ടികളുടെ എണ്ണം. ഇത് രാജ്യത്തെ ജനസംഖ്യ വളർച്ചയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ജനന നിരക്കിലെ കുറവ് നികത്തുന്നതിന് ഉടൻ തന്നെ പരിഹാരം കാണണം. ഇപ്പോഴല്ലെങ്കിൽ പിന്നീട് ഒരിക്കലും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. ഒരുപാട് സമയം ഇതിനായി കാത്തിരിക്കാൻ കഴിയില്ലെന്നും ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട നയങ്ങൾക്കായി ജൂണിൽ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനനനിരക്ക് കുറവ് പരിഹരിക്കാനായി ചിൽഡ്രൻസ് ആൻഡ് ഫാമിലിസ് സർക്കാർ ഏജൻസിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം ജീവിതച്ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഇക്കാരണം കൊണ്ട് തന്നെയാണ് ഇവിടെ ജനന നിരക്ക് കുറയുന്നതെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ഏറ്റവുമധികം ചെലവ് രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചൈനയും ദക്ഷിണ കൊറിയയുമാണ് ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്.

അതേസമയം ലോകമെമ്പാടും ആശങ്ക ഉയർത്തി ജപ്പാന്റെ പ്രതിദിന കോവിഡ് കണക്ക്. ജനുവരി ആറിന് മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണിത്. ജപ്പാന് പുറമെ ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആയിരത്തോളം പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരിച്ചത്. പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന് നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പ് ഉണ്ടായ കോവിഡ് തരം?ഗം മൂലം ഓ?ഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്. കോവിഡിന്റെ എട്ടാം തരംഗത്തിലൂടെയാണ് ജപ്പാൻ കടന്നുപോകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K