14 August, 2016 08:34:38 PM


റെയില്‍വേക്ക് പ്രത്യേക ബജറ്റ് വേണ്ടെന്ന ശിപാര്‍ശ ധനമന്ത്രി അംഗീകരിച്ചു



ദില്ലി: റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന നിര്‍ദേശം ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി അംഗീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയാകും റെയില്‍വേ ബജറ്റും അവതരിപ്പിക്കപ്പെടുക. ഇതോടെ 92 വര്‍ഷമായി തുടരുന്ന പതിവിനാണ് അന്ത്യമായിരിക്കുന്നത്.


നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്‍റെ ഭാഗമാക്കിയാല്‍ മതിയെന്ന ശിപാര്‍ശ റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയത്. തുടര്‍ന്ന് മന്ത്രി സുരേഷ് പ്രഭു   റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്ന് വ്യക്തമാക്കി ധനമന്ത്രിക്ക് കത്തു നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ധനകാര്യ വകുപ്പ് അഞ്ചംഗ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. ആഗസ്ത് 31നകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചു.


1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തിക നഷ്ടമാണ് റെയില്‍വേക്ക് മാത്രമായി പ്രത്യകേ ബജറ്റ് ആവശ്യമില്ല എന്ന നിഗമനത്തിലത്തൊന്‍കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ കഴിയാതെ വരുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ട് തന്നെ തൊഴിലാളി യൂണിയനുകളും ഈ നിലപാടിന് അനുകൂലമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K