13 June, 2023 01:37:23 PM


മോൻസൻ കേസുമായി ബന്ധമില്ല: ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാവില്ലെന്ന് കെ. സുധാകരൻ



തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരൻ. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സുധാകരനോട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ താൻ നാളെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാവകാശം നൽകിയില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികളെക്കുറിച്ച് അഭിഭാഷകരുമായി ചർച്ചചെയ്യുകയാണ്. താൻ പാർലമെന്‍റിലെ ധനകാര്യ സ്ഥിരം സമിതി അംഗമല്ലെന്നും പരാതിക്കാരെ തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തന്നെയും സതീശനെയും കേസിൽ കുടുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢ സ്വർഗത്തിലാണ്, കാലം കരുതി വച്ചിരിക്കുന്നത് പിണറായിയെ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറച്ചു വച്ചിരിക്കുന്ന അഴിമതികളെല്ലാം പുറത്തു വരുമെന്നും അദ്ദേഹം ആലുവയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K