29 September, 2023 11:43:37 AM


നരഹത്യ കേസിൽ പോലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ



കോട്ടയം: നരഹത്യ കേസിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ. കോട്ടയം ട്രാഫിക് പോലീസ് സ്റ്റേഷനിൽ 2013ലുണ്ടായ സംഭവത്തിൽ ഒളിവിൽ പോയ കോട്ടയം മാഞ്ഞൂർ സൗത്ത് കല്ലടയിൽ ശിവരാമന്‍റെ മകൻ കെ എസ് മോഹനൻ എന്നയാളെ മലയാറ്റൂരിലെ വനമേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, ആലപ്പുഴ ജില്ലയിലെ ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകളിലെ കവർച്ച, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കായി  കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. കോടതി ശിക്ഷിച്ചിട്ടും ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നിർദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം മലയാറ്റൂരിലെ അയ്യമ്പുഴ വനമേഖലയിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

തുടർന്ന് കോട്ടയം ട്രാഫിക്ക് എസ്.എച്ച്.ഒ ഹരിഹരകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ് പി.എസ്, എസ്.സി.പി.ഒമാരായ ശ്രീജിത്ത് എം.ആർ, പ്രതീഷ് പി.പി, ശ്രീകുമാർ എം.കെ, സി.പി.ഒമാരായ മഹേഷ് വി.എസ്, അനീഷ് കുമാർ എ.എസി. എന്നിവരടങ്ങുന്ന സംഘം മലയാറ്റൂരിലെത്തി. വനമേഖലയായ പാണ്ടൂപ്പാറ എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K