05 December, 2025 07:27:00 PM


ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ ബാസ്ക്കറ്റ്ബോളില്‍ കിരീടം നേടി എം.ജി. സര്‍വകലാശാല



കോട്ടയം: രാജസ്ഥാന്‍ വേദിയായ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ ബാസ്ക്കറ്റ്ബോളില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ജേതാക്കളായി. ജയ്പൂരില്‍ നടന്ന ഫൈനലില്‍ ചെന്നൈയിലെ എസ്.ആര്‍.എം സര്‍വകലാശാലയെ 74-60 നാണ് എംജി പരാജയപ്പെടുത്തിയത്. 17 പോയിന്‍റുമായി അക്ഷയ ഫിലിപ്പ് എംജിക്കായി ടോപ്പ് സ്കോററായി. ഐറിന്‍ എല്‍സ ജോണ്‍ 14 പോയിന്‍റും കൃഷ്ണപ്രിയ എസ്.എസ് 13 പോയിന്‍റും നേടി  മികച്ച പ്രകടനം കാഴ്ചവച്ചു.  
മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ എംജി ലീഡ് നിലനിര്‍ത്തി  ആദ്യ പാദം 15-10ന് മുന്നിലാണ് എംജി  അവസാനിപ്പിച്ചത്. 

സെമിഫൈനലില്‍ ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ 70-61 നാണ് എംജി പരാജയപ്പെടുത്തിയത്. സാന്ദ്ര ഫ്രാന്‍സിസ് നേതൃത്വം നല്‍കിയ എംജി ടീമില്‍ റീന  റോണാള്‍ഡ്, ഐറിന്‍ എല്‍സ ജോണ്‍, ആര്‍ഡ സേവ്യര്‍, റ്റീസ ഹര്‍ഷന്‍, ആതിര ദാസ് പി.കെ., എഡ്ലിന ആന്‍ ജോസഫ്, ജീവമോള്‍ സണ്ണി, ഐശ്വര്യ പി.കെ., അജിന എ, അക്ഷയ ഫിലിപ്പ്, കൃഷ്ണപ്രിയ എസ്.എസ് എന്നിവരാണ് മറ്റംഗങ്ങള്‍. സി.വി. സണ്ണി ഹെഡ് കോച്ചായും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിലെ ജോബിന്‍ അസിസ്റ്റന്‍റ് കോച്ചായും സുമ ജോസഫ് മാനേജറായും പ്രവര്‍ത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301