12 September, 2025 04:49:15 PM


കെ.ഇ.ട്രോഫി: വോളിബോൾ, ബാസ്കറ്റ് ബോൾ ടൂർണമെന്‍റുകള്‍ക്ക് ആവേശോജ്ജ്വലമായ തുടക്കം



മാന്നാനം :കെ.ഇ. ട്രോഫിക്ക് വേണ്ടിയുള്ള 25-ാമത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിനും 19-ാമത് ബാസ്കറ്റ് ബോൾ ടൂർണമെന്റിനും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  ആവേശോജ്ജ്വലമായ തുടക്കം. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം ജോ പോൾ അഞ്ചേരി വിശിഷ്ടാതിഥിയായിരുന്നു. 


അന്തർദേശീയ തലത്തിൽ നിരവധി കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കാണ് കെ ഇ സ്കൂളിനുള്ളതെന്ന് മന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം കലാകായിക മേഖലകളിലും കഴിവുറ്റ വിദ്യാർത്ഥികളെ എന്നും പ്രോത്സാഹിപ്പിക്കുന്ന കെ ഇ സ്കൂൾ ഇത്തരം ടൂർണമെന്റുകളിലൂടെ ഭാവിയുടെ വാഗ്ദാനങ്ങൾ ആയ കായിക താരങ്ങളെ വളർത്തിയെടുക്കുകയാണെന്ന് ആമുഖ പ്രസംഗത്തിൽ കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ ഡോ ജെയിംസ് മുല്ലശേരി പറഞ്ഞു. കെ ഇ സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ ഫാ ഫിലിപ്പ് പഴയകരി, 1999ൽ കെ ഇ ട്രോഫി ടൂർണമെന്റിന് തുടക്കം കുറിച്ച അന്നത്തെ പ്രിൻസിപ്പൽ ഫാ മാത്യു അറേക്കളം എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.


ഓൾ ഇന്ത്യ തലത്തിൽ വോളിബോൾ ടൂർണമെന്റിൽ 25 ടീമുകളും, ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ 15 ടീമുകളും ആണ് പങ്കെടുക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 600 ൽ പരം കായിക താരങ്ങളാണ് മത്സരത്തിന് എത്തിച്ചേർന്നിരിക്കുന്നത്. ബാസ്ക്കറ്റ് ബോൾ മത്സരങ്ങളുടെ ഫൈനൽ സെപ്റ്റംബർ 14 ന് വൈകുന്നേരവും, വോളിബോൾ മത്സരങ്ങളുടെ ഫൈനൽ 15 ന് വൈകുന്നേരവും നടക്കും. പതിനഞ്ചിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ രാജ്യാന്തര വോളിബോൾ താരം അബ്‌ദുൾ റസാഖ് വിശിഷ്ടാഥിതിയായിരിക്കും. ടൂർണമെന്റിൽ വിജയികൾ ആകുന്ന ടീമുകൾക്ക് ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K