28 November, 2023 09:20:23 PM


തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു



ഉത്തരകാശി: ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിലും അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള 5 പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ മറ്റുള്ളവരെയും പുറത്തെത്തിക്കുകയായിരുന്നു. 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് ഫലം കാണുന്നത്.

ഡോക്ടർമാർ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ട്. ഒരാളെ പുറത്ത് എത്തിക്കാൻ 4 മിനിറ്റ് വേണ്ടി വരും. പുറത്ത് എത്തിക്കുന്ന തൊഴിലാളികൾക്ക് റിഷികേഷ് എയിംസിൽ 41 ബെഡുകളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം മൂന്ന് ഹെലികോപ്ടറുകൾ ലാൻഡ് ചെയ്യാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രക്ഷാപ്രവർത്തനം ഉച്ചയോടെ മാനുവൽ ഡ്രില്ലിങ് പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു.

കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനുപുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി.

മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്‍റെ സഹായത്തോടെ കുഴൽ ശക്തമായി തള്ളിക്കയറ്റുകയായിരുന്നു.വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K