26 February, 2024 05:12:16 PM


ഡോ. രതി ബി.ഉണ്ണിത്താന് പ്രഥമ ഡോ. ഹരി സ്മാരക പുരസ്കാരം



കോട്ടയം പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ. സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള  പ്രഥമ ഡോ. ഹരി ആയുർരത്നം പുരസ്കാരത്തിന് ഡോ: രതി ബി.ഉണ്ണിത്താൻ അർഹയായി. 15,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കോട്ടയം ജില്ലയിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ്  പുരസ്കാരം. ഡോ.ഹരീന്ദ്രൻനായരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് രണ്ട് ശനിയാഴ്ച നാലരയ്ക്ക് പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ അവാർഡ്  സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.എച്ച്. അജിത്കുമാർ അറിയിച്ചു.

റെഡ്ക്രോസ് കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടിയുടെ ചെയർമാൻ ഒ.സി.ചാക്കോ അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ആയുർവേദ കോളജിലെ ശല്യതന്ത്ര വിഭാഗം മേധാവി ഡോ: സി.എസ്.ശിവകുമാർ ചെയർമാനും സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ, ഡോ: ആശ ശ്രീധർ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കോട്ടയം ഡിഎംഒ ആയി വിരമിച്ച ഡോ: രതി ബി.ഉണ്ണിത്താൻ ആയുർവേദ ചികിത്സാരംഗത്ത് കഴിഞ്ഞ 34 വർഷമായി ശ്രദ്ധേയ സാന്നിധ്യമാണ്. അഞ്ഞൂറിലധികം മെഡിക്കൽ ക്യംപുകൾക്കും നിരവധി  സെമിനാറുകൾക്കും നേതൃത്വം നൽകി. ഗവ. സർവീസിൽ നിന്നു വിരമിച്ച ശേഷം ചങ്ങനാശേരിയിലുള്ള ഉണ്ണിത്താൻസ് ആയുർവേദ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ ഡയറക്ടായി സേവനമനുഷ്ഠിക്കുന്നു.

ആറു പതിറ്റാണ്ടിലേറെ നീണ്ട  പ്രവർത്തനങ്ങളിലൂടെ ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോ:സി.കെ.ഹരീന്ദ്രൻനായർ 2020 മാർച്ച് ഒന്നിനാണ് വിടവാങ്ങിയത്. പാമ്പാടിയുടെ സാമൂഹിക ജീവിതത്തിൽ  നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.മഹർഷി മഹേഷ് യോഗി ഫൗണ്ടേഷന്റെ രാജ്യാന്തര ആയുർവേദ കൺസൾട്ടന്റായി എട്ടുവർഷത്തോളം പ്രവർത്തിച്ചു. 'നന്ദി, പ്രിയ ന്യൂസിലൻഡ്' എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രചയിതാവാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K