01 March, 2024 07:46:28 PM


കോട്ടയത്ത് കാണാതായ കുഞ്ഞിനെ ഉടനടി വീട്ടിൽ തിരികെയെത്തിച്ച് പോലീസ്



കോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ  നാല് വയസ്സുകാരനെ നിമിഷങ്ങൾക്കകം വീട്ടിൽ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസ്സുകാരനായ ആൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്ക് നടന്നത്.

എട്ടുവർഷമായി ഇവിടെ താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ ഇവരുടെ സഹോദരിയും ഭർത്താവും വിരുന്നിന് എത്തിയതായിരുന്നു ഇന്നലെ. ഇവരുടെ മൂന്ന് കുട്ടികളിൽ രണ്ടാമത്തെയാളാണ് നാലുവയസ്സുകാരനായ ആൺകുട്ടി. വീട്ടില്‍ നിന്നും ഇറഞ്ഞാൽ, പൊന്‍പള്ളി  ഭാഗത്തേക്ക് നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡിൽ കരഞ്ഞു നിൽക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ വിവരം  ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് ഉടനടി സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തിൽ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണെന്ന് മനസ്സിലാക്കുകയും, പിന്നീട് സമീപപ്രദേശങ്ങളിലായി നിരവധി വീടുകൾ കയറിയിറങ്ങി പോലീസ് കുട്ടിയുടെ മാതാപിതാക്കളെ തിരഞ്ഞു. ഇതിനിടയിൽ കുട്ടിയുടെ മാതാപിതാക്കൾ, വീട്ടിൽ നിന്നും ഇറങ്ങി കുട്ടിയെ തിരയുവാൻ തുടങ്ങി.

തുടർന്ന് പോലീസിൽ പരാതി നൽകുവാൻ  തുടങ്ങുന്നതിനിടയിൽ തന്നെ  പോലീസ് കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറുകയായിരുന്നു. കാണാതായ കുട്ടിയെ നിമിഷങ്ങൾക്കകം തിരികെ മാതാപിതാക്കൾക്ക് നൽകിയതിന്റെ ചാരിതാർത്ഥ്യത്തിൽ പോലീസ്അവിടെ നിന്നും മടങ്ങുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അനികുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K