01 June, 2024 03:48:54 PM
കോട്ടയം നഗരത്തിലെ യാത്രക്കാരുടെ ശ്രദ്ധക്ക്; ചെല്ലിയൊഴുക്കം റോഡ് വീണ്ടും തകർന്നു

കോട്ടയം: കോട്ടയം ഡിസി ബുക്സിന് സമീപത്തു നിന്നുമുള്ള ചെല്ലിയൊഴുക്കം റോഡ് ഇന്നലത്തെ മഴയിൽ വീണ്ടും വെള്ളം കുത്തിയൊലിച്ച് തകർന്ന് തരിപ്പണമായി. മിഷൻ പദ്ധതിയ്ക്കായി എടുത്ത ട്രഞ്ചിൻ്റെ അതേ നീളത്തിൽ അഞ്ച് അടിയോളം ആഴത്തിൽ തന്നെയാണ് ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ തകർന്നത്.

പൈപ്പ് തെളിഞ്ഞ് കാണും വിധം ആഴത്തിൽ തന്നെ കുഴിയായി റോഡ് ഇപ്പോൾ മാറിയിരിക്കുകയാണ്. ഇതിനാൽ റോഡിലൂടെയുള്ള വാഹനയാത്ര പ്രതിസന്ധിയായി മാറി. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ഇതിലൂടെ ആരും യാത്ര ചെയ്യരുതേ എന്നാണ് പ്രദേശവാസികളുടെയും അഭ്യർത്ഥന.
ചെല്ലിയൊഴുക്കം റോഡിൽ ജൽജീവൻ പദ്ധതിക്കായി രണ്ട് മാസം മുമ്പ് പൈപ്പ് ഇട്ട ശേഷം മൂടിയിരുന്നു. ഇതിന് ശേഷം മുകളിലെ മണ്ണ് മാന്തി മാറ്റി മെറ്റൽ ഇട്ടു. തുടർന്ന് മെയ് 22-ന് പെയ്ത മഴയിൽ ഈ മെറ്റൽ ഇളകി കുഴി രൂപപ്പെട്ടിരുന്നു. പിന്നാലെ കുഴികൾ അടച്ച് അപകട ഭീഷണി ഒഴിവാക്കിയെങ്കിലും ഇന്നലെ പെയ്ത മഴയിൽ വീണ്ടും അതിലേറെ പാത തകരുകയായിരുന്നു.






