10 June, 2024 06:56:07 PM


കോട്ടയത്ത് കൊശമറ്റം കോളനിയിൽ വീട് ഭാഗികമായി ഇടിഞ്ഞ് താണു


കോട്ടയം: കോട്ടയത്ത് കൊശമറ്റം കോളനിയിൽ വീട് ഭാഗികമായി ഇടിഞ്ഞ് താണു. കഴിഞ്ഞയിടെയുണ്ടായ കനത്ത മഴയിൽ ദിവസങ്ങളോളം വെള്ളപ്പൊക്ക കെടുതികൾ നേരിട്ട പ്രദേശം കൂടിയാണിത്. ഇന്ന്ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം ഉണ്ടായത്.

കൊശമറ്റം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന നാല്പാമറ്റം കാട്ടിപ്പറമ്പിൽ രേണുക രവിയുടെ വീട്ടിനാണ് കേടുപാടുകൾ സംഭവിച്ചത്. അടുക്കളയുടെ പിൻഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നതിനൊപ്പം വീടിൻ്റെ ഭിത്തികൾക്കും വിള്ളൽ ഉണ്ടായിട്ടുണ്ട്. മുറികളുടെ തറയും താഴ്ന്നിട്ടുണ്ട്. ഇതിനാൽ വീട് പൂർണമായും അപകടാവസ്ഥയിലായിരിക്കുകയാണ്.

മീനച്ചിലാറിൻ്റെ സമീപ പ്രദേശം കൂടിയായ ഇവിടെ ഏതാനും ദിവസങ്ങൾക്കു മുമ്പ് പെയ്ത കനത്ത മഴയിൽ ദിവസങ്ങളോളം ഈ വീട്ടിലും പരിസരപ്രദേശങ്ങളിലും വെള്ളം പൊങ്ങിയിരുന്നു.
 ഇതേത്തുടർന്നാണ് ഇപ്പോൾ വീട് ഇടിഞ്ഞു താഴ്ന്നതെന്നാണ് പ്രാഥമിക നിഗമനം.

വീട് അപ്രതീക്ഷിതമായി ഇടിഞ്ഞ് താഴ്ന്ന പശ്ചാത്തലത്തിൽ താമസസ്ഥലം അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റേണ്ട പ്രതിസന്ധിയും നേരിട്ടിരിക്കുകയാണ് ഈ കുടുംബം. വിവരമറിഞ്ഞ് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സോമൻ കുട്ടി, വാർഡ് മെമ്പർ മിഥുൻ ജി. തോമസ്, വില്ലേജ് ഓഫീസർ പ്രമോദ് ജി. നായർ, സെക്ഷൻ ക്ലർക്ക് ജോർജുകുട്ടി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951