31 July, 2024 08:49:53 AM


വിറങ്ങലിച്ച് വയനാട്; മരണം150 കടന്നു, രക്ഷാപ്രവർത്തനം പുനരാരംഭിച്ചു



കൽപറ്റ:  വയനാട് ഉരുൾപൊട്ടൽ നടന്ന ചൂരൽമലയിൽ ആറ് മണിയോടെ രക്ഷാദൗത്യം ആരംഭിച്ച് സൈന്യം. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചില്‍ നടത്തും.

തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും.

151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ 98 പേരെ കാണാനില്ലെന്നാണ് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ പറയുന്നത്. 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതർക്കായി 8 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാംപുകളിൽ കഴിയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K