21 August, 2024 05:09:05 PM


ജസ്നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമെന്ന് മുന്‍ ജീവനക്കാരി



കോട്ടയം: ജസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് ജസ്നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമെന്ന് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി. രണ്ടര മണിക്കൂര്‍ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്.

കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജസ്‌ന ഒരു യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. 'ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്' എന്നായിരുന്നു വെളിപ്പെടുത്തൽ.

ജസ്‌ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ലോഡ്ജ് ഉടമ നിഷേധിച്ചിരുന്നു. ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നായിരുന്നു ലോഡ്ജുടമ പ്രതികരണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യം പറഞ്ഞിരുന്നെന്നും ലോഡ്ജ് ഉടമ പ്രതികരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K