14 September, 2024 09:27:44 AM
മകളെ ജോലിക്കു വിടാൻ പോയി; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം
കോട്ടയം: മകളെ ജോലിക്കു വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവ് മരിച്ചു. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജെയിംസ് (55) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30നു മഞ്ഞാമറ്റം- മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചാണ് അപകടം.
ഒപ്പം ബൈക്കിൽ യാത്ര ചെയ്ത മകൾ മെറിൻ (24) ഗുരുതരമായി പരിക്കേറ്റ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പാലായിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് മെറിൻ. മകളെ കൊണ്ടു വിടാനായി പോകുന്നതിനിടെ സെബാസ്റ്റ്യൻ ജെയിംസ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെബാസ്റ്റ്യൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു.
ഭാര്യ: പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്റ്റ്യൻ. മറ്റു മക്കൾ: മെൽവി, മാഗി.