19 October, 2024 10:13:55 AM
വിസ്താര എയർലൈൻസിന്‍റെ ഡൽഹി-ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി. അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇറക്കിയെന്നും നിര്‍ബന്ധിത പരിശോധനകള്‍ നടത്തി വരികയാണെന്നും വിസ്താര പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
2024 ഒക്ടോബര്‍ 18 ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര ഫ്‌ലൈറ്റ് യുകെ 17 എന്ന വിമാനത്തിനാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. പ്രോട്ടോക്കോള്‍ അനുസരിച്ച് ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടന്‍ അറിയിക്കുകയും മുന്‍കരുതല്‍ നടപടിയായി വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയും ചെയ്തു. 'വിസ്താര വക്താവ് പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാന്‍ നിശ്ചയിച്ചിരുന്ന ക്യുപി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതായി ആകാശ എയര്‍ പറഞ്ഞു. ''സുരക്ഷാ നടപടിക്രമങ്ങള്‍ അനുസരിച്ച്, പ്രാദേശിക അധികാരികള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചതിനാല്‍ എല്ലാ യാത്രക്കാരെയും ഇറക്കി. ഞങ്ങളുടെ ടീം യാത്രാക്കാരുടെ അസൗകര്യം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നയായു'' എക്സിലെ ഒരു പോസ്റ്റില്‍ ആകാശ എയര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 40 ഓളം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു, അത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. വിമാനക്കമ്പനികള്‍ക്ക് വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തടയാന്‍ കുറ്റവാളികളെ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നീക്കം.