21 October, 2024 01:19:23 PM


മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി



ന്യുഡല്‍ഹി: മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് ഹര്‍ജി നല്‍കിയത്. ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പ്രദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാര്‍ഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാര്‍ഥികളെയും മാറ്റാനുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത മദ്രസകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കൗണ്‍സില്‍ സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണ്‍ 26ന് ഉത്തരവിറക്കിയിരുന്നു. ഓഗസ്റ്റ് 28ന് ത്രിപുര സര്‍ക്കാരും സമാനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K