25 October, 2024 01:31:02 PM
എഎപിയെ പരിഹസിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ യമുനയിൽ മുങ്ങി; ഒടുവിൽ കിട്ടിയത് മുട്ടൻ പണി
ന്യൂഡൽഹി: മുഖ്യമന്ത്രി അതിഷിയെയും എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെയും വെല്ലുവിളിച്ചുകൊണ്ട് മലിനമായ യമുനയിൽ മുങ്ങിയ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പണികിട്ടി. ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടർന്ന് വീരേന്ദ്ര സച്ച്‌ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യമുന ശുചീകരിക്കാൻ ഡൽഹി സർക്കാരിന് കേന്ദ്രം നൽകിയ പണം കൃത്യമായി ഉപയോഗിച്ചിട്ടില്ലെന്ന് വീരേന്ദ്ര സച്ച്‌ദേവ ആരോപിച്ചിരുന്നു.
യമുനാശുദ്ധീകരണത്തിന് ഡൽഹി സർക്കാർ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിൻറെ ഭാഗമായാണ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സർക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തിയിരുന്നു. യമുന ശുചീകരണത്തിനായി കഴിഞ്ഞ എട്ട് വർഷത്തിനിടെ കേന്ദ്ര സർക്കാർ ഡൽഹി സർക്കാരിന് മൊത്തം 8500 കോടി രൂപ നൽകിയെന്നും ഈ പണം അരവിന്ദ് കെജ്‌രിവാൾ ധൂർത്തടിച്ചതായും സച്ച്‌ദേവ ആരോപിച്ചു.
''ഛത് പൂജ പോലെയുള്ള മഹത്തായ ആഘോഷത്തെക്കുറിച്ച് ഡൽഹി സർക്കാരിന് ഒട്ടും ഗൗരവമില്ല. യമുനയിലെ മലിനീകരണം കുറയ്ക്കാൻ സർക്കാർ ഗൗരവമായി പ്രവർത്തിക്കണം. മുഖ്യമന്ത്രി അതിഷിയും കെജ്‌രിവാളും ഇവിടെ വന്ന് യമുനയുടെ അവസ്ഥ കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യമുനയെ മുങ്ങിക്കുളിക്കാൻ അനുയോജ്യമാക്കുമെന്ന് കെജ്‌രിവാൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. എന്നാൽ നാളിതുവരെയായിട്ടും യമുനയിൽ മുങ്ങിക്കുളിക്കുക എന്നതുപോയിട്ട് അതിൻ്റെ തീരത്ത് നിൽക്കാൻ പോലും യോഗ്യമല്ല'', നദിയിൽ മുങ്ങിക്കുളിച്ച ശേഷം സച്ദേവ പറഞ്ഞു. മുങ്ങിക്കുളിച്ചതിന് ശേഷം സച്ച്‌ദേവയ്ക്ക് വൈദ്യസഹായം തേടേണ്ടിവന്നുവെന്ന് ബിജെപിയുടെ ഡൽഹി ഘടകം എക്‌സിൽ കുറിച്ചു.