29 April, 2025 11:01:27 PM
'പിണറായി അങ്കിളേ...': മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി നാലാം ക്ളാസുകാരൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി മുന്നേറുകയാണ്. അപ്പോഴിതാ അഞ്ഞൂറിലധികം പേരടങ്ങുന്ന സദസിന്റെ ഇടയിൽനിന്ന് ഒരു മധുരമായ ശബ്ദം ഉയർന്നു 'ഗുഡ് മോർണിംഗ് പിണറായി അങ്കിൾ'- നിഷാൻ ഷെറഫ് എന്ന കൊച്ചുമിടുക്കനാണ് ചോദ്യവും നിർദ്ദേശവുമായി മുഖ്യമന്ത്രിയോട് സംവദിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തെപ്പറ്റി വിശദമായി അറിയാനായി അത് സിലബസിന്റെ ഭാഗമാക്കണമെന്നായിരുന്നു ആദ്യ ആവശ്യം. വിദേശത്തേക്ക് തൊഴിൽ തേടി പോകുന്ന വിദ്യാർഥികൾ പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതുപോലെ നാട്ടിലുള്ള കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം.
Video: https://youtu.be/hZcek1HyjQI?si=MeYvpMRccog0dHUb
നിഷാനിന്റെ സംശയങ്ങൾക്ക് വിശദമായി മുഖ്യമന്ത്രി മറുപടി നൽകി. 5,6,7 ക്ലാസുകളിൽ കോഡിങ്ങിനെപ്പറ്റി പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്തേയും നാട്ടിലെയും പഠനരീതികളിലെ വ്യത്യാസം പാർട്ട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് ഒരു വെല്ലുവിളിയാണ്. തൊഴിലിനോടുള്ള സമൂഹത്തിന്റെ നിലവിലെ മനോഭാവവും മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് നിഷാൻ ഷെറഫ്.