08 May, 2025 10:13:38 AM
ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം; സൈറണുകൾ മുഴങ്ങി

ലാഹോർ: പാകിസ്താനിലെ ലാഹോറിൽ തുടർച്ചയായി മൂന്ന് സ്ഫോടനങ്ങൾ. ലാഹോർ വിമാനത്താവളത്തിനടുത്താണ് സ്ഫോടനമുണ്ടായത്. തുടർച്ചയായി സൈറൺ മുഴങ്ങഴുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ പരിഭ്രാന്തിയിൽ ഓടുന്നതും കാണാം. ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് വിവരം.
ലാഹോറിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാൾട്ടൺ വിമാനത്താവളത്തിനടുത്തുള്ള ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിലാണ് ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്തരീക്ഷത്തിൽ പുക മേഘങ്ങൾ കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു. ആളുകൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.
അതേസമയം, ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രതികരിച്ചു. പാകിസ്താന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. ഇന്ത്യൻ ആക്രമണം പാകിസ്താൻറെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു