17 May, 2025 12:42:50 PM


മുക്കുപണ്ട തട്ടിപ്പിന് ശേഷം മരിച്ചെന്ന് സ്വയം പത്രവാർത്ത കൊടുത്തു; യുവാവ് പിടിയിൽ



കോട്ടയം: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്തിയശേഷം, താന്‍ മരിച്ചെന്നു സ്വയം വാര്‍ത്ത നല്‍കിയ യുവാവിനെ പൊലീസ് പിടികൂടി. കൊടൈക്കനാലില്‍ ഒളിവില്‍ കഴിയവേയാണു പ്രതി ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കുമാരനല്ലൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയാണ് (41) പിടിയിലായത്. ആധാര്‍ കാര്‍ഡില്‍ എം ആര്‍ സജീവ് എന്നാണ് പേര്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ വിലാസവുമാണ് നല്‍കിയത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡില്‍ കുമാരനല്ലൂരിലെ വിലാസവും.

2023ല്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂര്‍ ശാഖകളില്‍നിന്ന് 5 ലക്ഷം രൂപയാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ചു തട്ടിയെടുത്തതെന്നു പൊലീസ് പറയുന്നു. അന്വേഷിച്ചപ്പോള്‍ ഇയാള്‍ ചെന്നൈയില്‍ മരിച്ചെന്നു വിവരം ലഭിച്ചു. തുടര്‍ന്നാണ് ധനകാര്യസ്ഥാപനം പൊലീസില്‍ പരാതിപ്പെട്ടത്. പത്രത്തില്‍ ചരമവാര്‍ത്തകളുടെ പേജില്‍ ഇയാളുടെ ഫോട്ടോ അടക്കം വാര്‍ത്ത വന്നതായി കണ്ടെത്തി. ചെന്നൈ അഡയാറില്‍ സംസ്‌കാരം നടക്കുമെന്നും വാര്‍ത്തയിലുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണു മരണവാര്‍ത്തയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് കൊടൈക്കനാല്‍ ഉള്‍പ്പെടെ മറ്റു സ്ഥലങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. പലയിടങ്ങളിലും ഇയാള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ആരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. കുമാരനല്ലൂരിലെ ഒരു ഫ്‌ളാറ്റിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. സിനിമാ നടനാണെന്നാണ് ഇയാള്‍ സമീപവാസികളെ ധരിപ്പിച്ചിരുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939