19 May, 2025 08:02:28 PM
കിക്ക് ഡ്രഗ്‌സ് സന്ദേശ യാത്രയ്ക്ക് കോട്ടയം ജില്ലയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്

കോട്ടയം: സംസ്ഥാന കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന കിക്ക് ഡ്രഗ്‌സ് സന്ദേശയാത്രയ്ക്ക് ജില്ലയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. തിങ്കളാഴ്ച രാവിലെ ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണത്തില്‍ കായികതാരങ്ങളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും ജനപ്രതിനിധികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരി പദാര്‍ഥങ്ങള്‍ ഉന്മൂലനം ചെയ്യുക, ലഹരി ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസിനെ അറിയിക്കുക, ലഹരി ഉപയോഗിക്കാതിരിക്കുക എന്നീ സന്ദേശങ്ങളുമായി സ്‌പോര്‍ട്‌സ് ആണ് ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സന്ദേശയാത്ര നടത്തുന്നത്.
സ്വീകരണത്തിന് മുന്നോടിയായി ചേര്‍പ്പുങ്കലില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് 12 കിലോമീറ്റര്‍ മാരത്തണ്‍ നടത്തി. ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഷോപ്പിങ് കോംപ്ലക്‌സിനു സമീപം ജോസ് കെ. മാണി എം.പി. മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഏറ്റുമാനൂര്‍ ബൈപാസ് ജങ്ഷനില്‍ സമാപിച്ചു. ഇവിടെനിന്ന് സ്വീകരണ സമ്മേളന വേദിയായ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് വര്‍ണാഭമായ വാക്കത്തണ്‍ നടന്നു. സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരേ സമൂഹത്തെയാകെ ഉണര്‍ത്തുന്നതിന് കായികവകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്ദേശയാത്രയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിമാര്‍ക്കൊപ്പം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, കെ.വി. ബിന്ദു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം. ആര്‍. രഞ്ജിത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗ്ഗീസ് ഗുരുക്കള്‍, സെക്രട്ടറി എല്‍. മായാദേവി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.സി. ലേഖ, ജെ.എസ്. ഗോപന്‍, എ. ശ്രീകുമാര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ഫാ. ജെയിംസ് മുല്ലശ്ശേരി തുടങ്ങിയവരും വാക്കത്തണില്‍ പങ്കാളികളായി.
റോളര്‍ സ്‌കേറ്റിങ്, കളരി അഭ്യാസം, കരാത്തേ, പുലികളി, ബാന്‍ഡ്‌മേളം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന വാക്കണില്‍ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കുട്ടികളടക്കമുള്ളവര്‍ പങ്കെടുത്തത്.
തുടര്‍ന്നു നടന്ന യോഗത്തില്‍ ഇ.എസ്. ബിജു അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന മാരത്തണില്‍ വിജയികലായവര്‍ക്ക് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ബോക്‌സിങ് ചാമ്പ്യനുമായ കെ.സി. ലേഖ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ലഘുനാടകം അടക്കം ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്ന വിവിധ കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
മാരത്തണില്‍ സി.ആര്‍. നിത്യ, ദേവിക ബെന്‍, വി.എല്‍. ഗ്രേസിയ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. ആണ്‍കുട്ടികളില്‍ കെ.എം. അജിത്ത്, മുഹമ്മദ് മഷൂദ്, ശ്രാവണ്‍കുമാര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്.