19 May, 2025 08:07:54 PM
'സ്‌പോർട്‌സാണ് ലഹരി' സന്ദേശം ഉയർത്തി വാക്കത്തോൺ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 'സ്‌പോർട്‌സാണ് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുൾറഹ്‌മാൻ നേതൃത്വം നൽകുന്ന ' കിക് ഡ്രക്‌സ് സന്ദേശയാത്ര'യുടെ ഭാഗമായി വാക്കത്തോൺ നടത്തി. പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച
വാക്കത്തോൺ മന്ത്രി വി.അബ്ദുൾറഹ്‌മാനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുനക്കര മൈതാനത്താണ് വാക്കത്തോൺ എത്തിച്ചേർന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിക് ഡ്രക്‌സ് സന്ദേശയാത്ര സംഘടിപ്പിച്ചത്.
വാക്കത്തോണിന് മുന്നോടിയായി സുംബാ ഡാൻസിന്റെ വാംഅപ്പ്ഓടെയാണ് വാക്കത്തോൺ തുടങ്ങിയത്. റോളർ സ്‌കേറ്റിങ്, കളരി അഭ്യാസം, കരാട്ടേ, പുലികളി, ബാൻഡ്മേളം, ചെണ്ടമേളം തുടങ്ങിയവ വാക്കത്തോണിന് അകമ്പടിയായി. എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി എന്നിവരും ഒപ്പം അണിനിരന്നു.
എം.എൽ.എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം. ആർ. രഞ്ജിത്ത്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി എൽ. മായാദേവി തുടങ്ങിയവർ പങ്കെടുത്തു.