23 June, 2025 08:24:28 PM
അഫിലിയേറ്റഡ് കോളജുകളില്‍ പിജി, ബിഎഡ്; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂണ്‍ 26ന് മുന്‍പ് സര്‍വകലാശാല ഫീസ് ഓണ്‍ലൈനില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം എടുക്കുന്നവര്‍ കോളജുകളില്‍ നേരിട്ട് എത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിനായി കോളേജുകളില്‍ നേരിട്ട് പോകേണ്ടതില്ല.
താത്കാലിക പ്രവേശനം എടുക്കുന്നവര്‍ സര്‍വകലാശാലാ ഫീസ് ഓണ്‍ലൈനില്‍ അടച്ചശേഷം താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ 26ന് മുന്‍പ് കോളജുകള്‍ക്ക് നല്‍കണം. പ്രവേശനം ഉറപ്പാക്കിയതിന്റെ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ആദ്യ ഓപ്ഷന്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കാന്‍ ക്രമീകരണമില്ല.
ജൂണ്‍ 26ന് വൈകുന്നേരം നാലിനു മുന്‍പ് സര്‍വകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാകും.