20 August, 2025 09:03:44 PM
എം.ജി സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സാഹിത്യ സെമിനാര്‍ 22 മുതല്‍

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യ സമ്മേളനം നാളെ(ഓഗസ്റ്റ് 22) ആരംഭിക്കും. 'ലിംഗവത്കരിക്കപ്പെട്ട ഇടങ്ങള്‍- സാഹിത്യവ്യവഹാരങ്ങളിലെ ഗതിമാറ്റങ്ങള്‍' എന്ന വിഷയത്തിലുള്ള സെമിനാര്‍ നാളെ രാവിലെ പത്തിന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. സജി മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. സുസ്മിത ആമുഖ പ്രഭാഷണം നടത്തും.
ആദ്യ ദിവസം വിവിധ സെഷനുകളില്‍ എ.പി. അബ്ദുസലാം, ഡോ. വി. ശാരദാ ദേവി, ഡോ. ടോണി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം ആറിന് 'ലിംഗവൈജാത്യങ്ങളുടെ ദൃശ്യാവിഷ്കാരങ്ങള്‍ മലയാള സിനിമയിലെ ഉടലാഖ്യാനങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബി, ശീതള്‍ ശ്യാം, ജോളി ചിറയത്ത്, ഡോ. അനു പാപ്പച്ചന്‍ എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്ര സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ മോഡറേറ്ററാകും.
സമാപന ദിവസമായ ഓഗസ്റ്റ് 23ന് പ്ലീനറി സെഷനുകളില്‍ ഡോ. ജോസഫ് ലോലെലസ്, ഡോ. ജിസ ജോസ്, എം. അനുരാജ്, ആദിവാസി ഗോത്ര മഹാസഭാ പ്രസിഡന്‍റ് സി.കെ. ജാനു എന്നിവര്‍ സംസാരിക്കും. 'ലിംഗപദവി വിഭവാധികാരം, ഭാഷയുടെ സാമൂഹിക നിര്‍മ്മിതി; ഇന്ത്യന്‍ ജാതി ഘടനയില്‍' എന്ന വിഷയത്തില്‍ വൈകുന്നേരം ആറിനു നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സി.കെ. ജാനു, പുഷ്പമ്മ, ആദി, അലീന ആകാശമിഠായി, ഡോ. മായ പ്രമോദ് എന്നിവര്‍ സംസാരിക്കും. ഡോ. ലിന്‍സി കെ. തങ്കപ്പന്‍ മോഡറേറ്ററാകും.