01 July, 2025 02:31:54 PM
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി.
ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിന് പിന്നാലെയാണ് നടി ആദ്യം പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്.