14 July, 2025 09:04:47 PM


75 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി കോട്ടയം സൈബർ പോലീസ്



കോട്ടയം: കോട്ടയം സൈബർ പോലീസ്, സൈബർ സെൽ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ക്യാമ്പയിൻ വഴി പരാതിക്കാർക്ക് നഷ്ടപ്പെട്ട 75 ൽ അധികം മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി സമീപകാലത്ത് കോട്ടയം സൈബർ പോലീസ് നടത്തിയ കൃത്യതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായി കണ്ടെത്തപ്പെട്ട നഷ്ടപ്പെട്ട ഫോണുകളുടെ വിതരണം 14.07. 2025 (തിങ്കൾ ) രാവിലെ 10. 30 മണിക്ക്  ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽഹമീദ്  A IPS  ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നിർവഹിച്ചു.

 ബംഗാൾ ആസാം ബീഹാർ തുടങ്ങി അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും മൊബൈൽ ഫോണുകൾ തിരികെ എത്തിക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഫോണുകൾ നഷ്ടപ്പെട്ട പരാതികളിൽ 14 ഫോണുകൾ കണ്ടെത്തുവാൻ സാധിച്ചു. നാഗമ്പടം സെന്റ് ആന്റണീസ് ചർച്ച് ഭാഗത്ത് നിന്നും നഷ്ടപ്പെട്ട മൊബൈലുകളിൽ പത്തെണ്ണവും കണ്ടെത്തുവാൻ സാധിച്ചു.

 ഇന്നത്തെ കാലത്ത് മൊബൈൽ ഫോണുകൾ മനുഷ്യന് ശരീരത്തിന്റെ ഒരു അവയവം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന പല കാര്യങ്ങളും മൊബൈൽ ഫോണുകളിലൂടെ ആണ് ഇന്ന് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഉപയോഗത്തിൽ ഇരിക്കുന്ന ഒരു ഫോൺ നഷ്ടപ്പെടുമ്പോൾ അത് ഒരു വ്യക്തിയുടെ സുഗമമായ ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു. അതുകൊണ്ട് നാം ഓരോരുത്തരും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യാൻ മടിക്കരുത്.

പരാതി രജിസ്റ്റർ ചെയ്യേണ്ടത്തിന്റെ ആവശ്യകതയും, തിരികെ ലഭിക്കും എന്ന വിശ്വാസ്യതയും  പൊതുജനങ്ങളിൽ  വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്രയും അധികം ആളുകളെ വിളിച്ചുവരുത്തി ഇങ്ങനെ ഒരു ചടങ്ങിൽ നഷ്ടപ്പെട്ടുപോയ മൊബൈൽ ഫോണുകൾ തിരികെ നൽകുന്നത് എന്നും ജില്ലാ പോലീസ് മേധാവി ചടങ്ങിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933