25 August, 2025 04:18:57 PM
അകലക്കുന്നത്തു വയോജന കലാ-കായിക മേള നടന്നു

കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജന കലാ-കായിക മേള 'വർണ്ണ ചിറകുകൾ' പഞ്ചായത്ത് ഓഡിറ്റോറിയത്തിൽനടത്തി. കലാ-കായിക മത്സരങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വയോജനങ്ങൾ കൂടുതലായി ഏകാന്തത ജീവിതം നയിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ പരിഹാരമെന്ന നിലയിൽ ഗ്രാമപഞ്ചായത്ത് നൂതനങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത് എന്ന് ഡോ. എൻ. ജയരാജ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം മുഖ്യപ്രഭാഷണം നടത്തി.
23 അങ്കണവാടികളുള്ള പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിലും അങ്കണവാടി കേന്ദ്രീകരിച്ചുമാണ് മത്സരം നടത്തിയത്. അങ്കണവാടി അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് തോമസ് താന്നിക്കൽ, ശ്രീലത ജയൻ, ജാൻസി ബാബു, ജനപ്രതിനിധികളായ മാത്തുക്കുട്ടി ആന്റണി, കെ.കെ. രഘു, ബെന്നി വടക്കേടം, രാജശേഖരൻ നായർ, ജീന ജോയി, സീമ പ്രകാശ്, ജോർജ് തോമസ്, ഷാന്റി ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത് മാത്യുസ്, സി.ഡി.പി.ഒ കെ. താജുമ്മ, ഐ.സി.ഡി.എസ് സൂപ്പർവൈസർ
പി.കെ ദിനു എന്നിവർ പങ്കെടുത്തു.