05 January, 2026 07:09:57 PM


അതിജീവിതയെ അപമാനിച്ച കേസ്: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ



എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ജനുവരി നാലിന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണ്. അതിജീവിതയെ തുടര്‍ന്നും അപമാനിച്ചിട്ടില്ലെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിൻ്റെ വാദം. ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കേസില്‍ രാഹുല്‍ ഈശ്വറിന് തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത ജനുവരി നാലിന് വീണ്ടും പരാതി നൽകിയത്. ഇതിന് പിന്നാലെ അതിജീവിതയുടേത് വ്യാജ പരാതിയാണെന്നും ജാമ്യ വ്യവസ്ഥയിൽ വീഡിയോ ചെയ്യരുതെന്ന് ഇല്ലെന്നും കാണിച്ച് രാഹുൽ ഈശ്വറും പരാതി നൽകിയിരുന്നു.

നവംബർ 30നാണ് ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K