27 January, 2026 04:34:22 PM
പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര; പിതാവിനെതിരെ കേസെടുത്തു

കോട്ടയം: പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര. കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിലാണ് സംഭവം. വാഹനം ഓടിച്ച പാമ്പാടി സ്വദേശി ജ്യോതിഷിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 5.15നാണ് സംഭവം.
കോട്ടയം പാമ്പാടി വട്ടുകളം ആലപ്പാട്ട് പടി റോഡിൽ കൂടി കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി വട്ടുകളം സ്വദേശി ജ്യോതിഷ് കുമാർ വാഹനമോടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് അടിയന്തരമായി ഇടപെട്ടത്. കാറിന്റെ നമ്പർ പരിശോധിച്ചു വീട്ടിലെത്തിയ പോലീസ്, വാഹനം പിടിച്ചെടുത്തു. തുടർന്ന് ജ്യോതിഷ് കുമാറിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
കുട്ടികൾ നിർബന്ധിച്ചതിനെ തുടർന്നാണ് ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ചതെന്നാണ് ജ്യോതിഷിന്റെ മൊഴി. സംഭവത്തിൽ പാമ്പാടി പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഇയാളുടെ ലൈസൻസ് ഉൾപ്പടെ റദ്ദാക്കുന്ന നടപടിയിലേക്ക് എം വി ഡി കടക്കും.





