05 May, 2026 12:43:34 PM
ജീര്‍ണതകള്‍ തിരുത്തണം, പരാജയം ഒന്നിന്റെയും അവസാനമല്ല; ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജൻ

കണ്ണൂർ: സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഈ തെഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.അതിൽ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടും.
കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുമെന്നും ജയരാജൻ കുറിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്.
മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ല. പാർലമെന്റിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്. മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നു.
അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.
കേരളം,തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ പർജയപ്പെട്ടു. ഈ മൂന്ന് സർക്കാരുകൾ പൊതുവിൽ കേന്ദ്ര ബിജെപി ഗവൺമെന്റിനെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവയായിരുന്നു. അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചു. മൊത്തത്തിൽ വലതുപക്ഷ ശക്തികൾക്കാണ് മുന്നേറ്റമുണ്ടായത്. കേരളത്തിലാണെങ്കിൽ ഇടതുപക്ഷത്തെ തോല്പിച്ച് വലതുപക്ഷം നേടിയ വിജയത്തിന്റെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമായി. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ അധികാരത്തിന് വെളിയിൽ നിൽക്കേണ്ടിവന്ന വലതുപക്ഷത്തിന് അധികാരം തിരിച്ചുപിടിക്കാനായി.
അതിനാൽ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകൾ കാലം അധികമായി ആർഎസ് എസ് സമൂഹത്തിൽ നുഴഞ്ഞുകയറാൻ പലവിധത്തിൽ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങൾക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഐ എമ്മിന് എതിരായിരുന്നു. കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 215 പാർട്ടി പ്രവർത്തകരുടെ രക്തസാക്ഷിത്വം അതിന്റെ ഫലമായിരുന്നു. ആർഎസ്എസ്സിന്റെ കായിക ആക്രമണങ്ങൾ അവർ അവസാനിപ്പിക്കാൻ നിർബന്ധിതരായെങ്കിലും അവരുടെ ആശയപരമായ അധിനിവേശ ശ്രമം തുടരുകയാണ്. ഇതിനെ ആശയപരമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യഥാർത്ഥ്യം നിലനിൽക്കുന്നു. ആ പോരാട്ടം തുടരുകതന്നെവേണം.
അതേസമയം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.







