16 May, 2026 10:34:29 AM
പെട്രോൾ അടിച്ച തുകയെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് പമ്പ് ജീവനക്കാർക്ക് മർദനം

തിരുവനന്തപുരം: പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാരെയാണ് കാറിലെത്തിയ മദ്യപസംഘം ആക്രമിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കു മർദ്ദനമേറ്റു.
കാറിലെത്തിയവർ ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു. പണം അടയ്‌ക്കേണ്ട സമയമായപ്പോൾ പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ തർക്കമായി. തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്നു ചോദിച്ചു. ഉണ്ണി കൃത്യമായ മറുപടി നൽകിയെങ്കിലും അതിൽ തൃപ്തരാകാതെ മദ്യപസംഘം തെറിവിളിക്കാൻ തുടങ്ങുകയുമായിരുന്നു.
ചീത്തവിളി ചോദ്യം ചെയ്തതോടെ കാറിലിരുന്ന ഒരാൾ പുറത്തിറങ്ങി ഉണ്ണിയെ മർദ്ദിച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന രണ്ടാമനും പുറത്തിറങ്ങി ഉണ്ണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ രാജീവൻ അക്രമികളെ ചോദ്യം ചെയ്തു. തുടർന്ന് രാജീവനെയും ഇവർ മർദ്ദിക്കുകയായിരുന്നു. പമ്പ് ഉടമ തുമ്പ പോലീസിൽ പരാതി നൽകി. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി.





