15 June, 2026 07:36:45 PM


പ്രിയദര്‍ശിനി ബസുകള്‍ യാത്ര തുടങ്ങി; ആഘോഷമാക്കി വനിതകള്‍



കോട്ടയം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്ക് കോട്ടയം ജില്ലയില്‍  തുടക്കം. യാത്രയില്‍ പങ്കുചേര്‍ന്നും മധുരം വിതരണം ചെയ്തും പല കേന്ദ്രങ്ങളിലും വനിതകള്‍ ആദ്യ ദിനം ആഘോഷമാക്കി. 

ജില്ലാതല ഉദ്ഘാടനം കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  കുമകരം വഴി ചേര്‍ത്തലയ്ക്കു സര്‍വീസ് നടത്തുന്ന  ഓര്‍ഡിനറി ബസിലെ യാത്രക്കാരിക്ക് അദ്ദേഹം സീറോ ടിക്കറ്റ് കൈമാറി. പ്രിയദര്‍ശിനി പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ എസ്. രമേശ് എന്നിവര്‍ സംസാരിച്ചു. കോട്ടയം ഡിപ്പോയില്‍ 22 ഓര്‍ഡിനറി സര്‍വീസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്രാ സൗകര്യം ലഭ്യമാവുക.

കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്  നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസിന് ആദ്യയാത്രയ്ക്കുള്ള സീറോ ടിക്കറ്റ് മന്ത്രി കൈമാറി. സ്ത്രീസമൂഹത്തിന് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പരിഗണനയാണ് സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പുതുപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  ഏറ്റുമാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍  നാട്ടകം സുരേഷ് എം.എല്‍.എയും
പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രഫ. റോണി കെ. ബേബി എംഎല്‍എയും പ്രിയദര്‍ശിനി ബസിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. 

ചങ്ങാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വിനു ജോബ് എംഎല്‍എയും എരുമേലിയിലും മുണ്ടക്കയത്തും അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍ എം.എല്‍. എയും വൈക്കം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കെ.ബിനിമോന്‍ എം.എല്‍.എയും ഉദ്ഘാടനം നിര്‍വഹിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303