07 November, 2026 08:29:27 PM


കുട്ടികളിലെ കുറ്റവാസന; ഒത്തുതീര്‍പ്പുകളേക്കാള്‍ പ്രധാനം തിരുത്തലെന്ന് കമ്മീഷന്‍

 

കോട്ടയം:  കുട്ടികളിലെ കുറ്റവാസനയ്‌ക്കെതിരെ കണ്ണടയ്ക്കുന്നതിനു പകരം അവരെ തിരുത്താനുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.  ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്‌സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ടി.സി. ജലജമോളും കെ.കെ. ഷാജുവും.

കുട്ടികളുടെ ഗുരുതര കുറ്റകൃത്യങ്ങള്‍ സ്‌കൂളിലോ പോലീസ് സ്‌റ്റേഷനിലോ ഒത്തുതീര്‍പ്പില്‍ അവസാനിപ്പിച്ചാല്‍ അത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുക. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയും പോലീസ് സ്‌റ്റേഷനില്‍നിന്നും സോഷ്യല്‍ ബാക് ഗ്രൗണ്ട് റിപ്പോര്‍ട്ട് സഹിതം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുമ്പാകെ എത്തിക്കുകയും വേണം. ഇത്തരം കുട്ടികളെ തിരുത്തി സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനുണ്ട്.  കുട്ടികളെ ശിക്ഷിക്കുകയല്ല, മറിച്ച് തുടക്കത്തിലേ തിരുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. 

വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്കു മാത്രമാണ് കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രവണതയുള്ളത്.  അവരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വം നമ്മുടെ സംവിധാനങ്ങള്‍ക്കുണ്ട്.

ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്‌സോ നിയമങ്ങളുടെ നടത്തിപ്പില്‍ വിവിധ വകുപ്പുകള്‍ പങ്കാളികളാണ്. ഈ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വകുപ്പും നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായാണ് ജില്ലാതലത്തില്‍ യോഗങ്ങള്‍ ചേരുന്നതെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. 

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായ ധാരണയുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഏതെങ്കിലും കുട്ടികള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനാകൂ-അവര്‍ കൂട്ടിച്ചേര്‍ത്തു.

കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ രമ്യ എസ്. നമ്പൂതിരി, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ ഡോ. ആശ മോഹന്‍ എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292