07 April, 2026 10:30:36 AM


വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി



വൈക്കം: വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശ്ശേരിയെയാണ് തലയാഴത്തെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞനിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.

സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തൈകൾ വിൽപ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കൾ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ചുമാറ്റാനാകില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. 

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തി. ഭിന്നശേഷിക്കാരൻ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നതാണ് ഇവർ ഉന്നയിക്കുന്നത്. അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും , ബിജെപിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K