01 August, 2026 07:49:54 PM
നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണം-മന്ത്രി മോൻസ് ജോസഫ്

കോട്ടയം: ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭ്യർഥിച്ചു. സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും നിർദേശപ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറാകണം.
പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ ഇതുവരെ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായത് മീനച്ചിൽ താലൂക്കിലാണ്. മുഖ്യമന്ത്രി നേരിട്ട് ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പൂഞ്ഞാർ മേഖലയിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയും പാലായിൽ മാണി സി. കാപ്പൻ എം.എൽ.എയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ശനിയാഴ്ച്ച പുലർച്ചെ മുതൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നുണ്ട്-മന്ത്രി പറഞ്ഞു.
പൂഞ്ഞാർ തെക്കേക്കരയിൽ മരിച്ച റെജീന ജോണിയുടെ ഭർത്താവ് ജോണിയെ മന്ത്രി പാലാ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. മാണി സി. കാപ്പൻ എം.എൽ.എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തോട്ടയ്ക്കാട്ട് വെള്ളത്തിൽ വീണു മരിച്ച മിലൻ കെ. ഷിജുവിന്റെ ബന്ധുക്കക്കളെ കോട്ടയം മെഡിക്കൽ കോളജിൽ അദ്ദേഹം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.





