28 November, 2026 09:49:50 AM


കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്; യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ



പത്തനംതിട്ട: കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസ് (40) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനാണ് വ്യാഴാഴ്ച കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയത്. വസ്തുവിന്റെ കൈവശാവകാശം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോൾ രേഖ ഉദ്യോഗസ്ഥരെ തടയുകയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.

പരാതിക്കാരിയായ നീതു രാജുവിനും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് രേഖയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെയും കേരള പൊലീസ് ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ രേഖയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306