27 November, 2026 06:25:34 PM


പെരിങ്ങോട്ടുകുറുശ്ശിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി ജ്വല്ലറിയിൽ വൻ കവർച്ച



പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച. ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 20 പവനോളം സ്വർണം കവർന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിലെത്തിയ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ജ്വല്ലറിയിൽ രണ്ട് വനിതാ ജീവനക്കാർ മാത്രമുണ്ടായിരുന്ന സമയത്താണ് മൂന്നംഗ സംഘം കടയിലെത്തിയത്. ആഭരണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരുമായി സംസാരിച്ച സംഘം പെട്ടെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായാണ് വിവരം. ജീവനക്കാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണവുമായി സംഘം കടന്നുകളഞ്ഞു.

ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്തായിരുന്നു കവർച്ച. സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ ജീവനക്കാർ വിളിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടിലുണ്ടായിരുന്ന ഉടമ സ്ഥലത്തെത്തി. ഉടമയെ കണ്ടതോടെ സംഘത്തിലെ ഒരാൾ തോക്ക് ചൂണ്ടുകയും മറ്റ് രണ്ടുപേർ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ സ്വർണവുമായി സംഘം രക്ഷപ്പെട്ടു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുന്നത് ദൃശ്യങ്ങളിൽ കാണാം.

കോട്ടായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകിയതായാണ് വിവരം. തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായാണ് പൊലീസിന്റെ സംശയം. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് സംഘം പോയതായും സംശയമുണ്ട്. TN 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലാണ് സംഘം എത്തിയതെന്നാണ് വിവരം. മൂന്നുപേർ ജ്വല്ലറിയിൽ കയറിയപ്പോൾ ഒരാൾ കാറിൽ കാത്തുനിന്നതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953