31 October, 2026 08:00:55 PM


ദേശീയപാതയോരത്തെ പുല്ലുനീക്കൽ വേഗത്തിലാക്കണം- കോട്ടയം ജില്ലാവികസന സമിതി



കോട്ടയം: ദേശീയപാ​തയോരത്ത് വളർന്നു നിൽക്കുന്ന പുല്ല് നീക്കാനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ദേശീയ പാത അധികൃതർക്കു നിർദേശം നൽകി.  ജില്ലാവികസനസമിതി യോഗത്തിൽ അധ്യക്ഷ​ത   വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീർത്ഥാടന കാലത്തിനു മുന്നോടിയായി ദേശീയപാതയോരത്തെ പുല്ല് പൂർണമായി നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൂർത്തിയാകാനുള്ളത് മണർകാട്, കോട്ടയം മേഖലകളിൽ മാത്രമാണെന്നും
ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാതയുടെ അരിക് ഉയർന്നു നിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും പരിഹാരനടപടികൾ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

എം.സി. റോഡിൽ ചിങ്ങവനം മുതൽ കോട്ടയം വരെ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കോട്ടയം നഗരസഭ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ദേശീയപാത വിഭാഗത്തിൻ്റെ  എൻ.ഒ.സി. ലഭിക്കുന്നതിനായി കത്തു നൽകും. ദേശീയപാതയിൽ ചിങ്ങവനം ഭാഗത്ത് ഡിവൈഡറിന്റെ അറ്റകുറ്റപണികൾ നടത്തിയെങ്കിലും അപകടങ്ങൾ തുടരുന്നതിനാൽ വിശദമായ പഠനം നടത്തും. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുമ്പ് റോഡുകളിൽ മതിയായ അറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നാട്ടകം ഗസ്റ്റ് ഹൗസ് നവീകരണത്തിന് പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അടുത്തവർഷം മാർച്ചോടെ പണി പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കൈയേറ്റവും അനധികൃത ഭക്ഷണശാല നടത്തിപ്പും മൂലം കൊടൂരാറിന്റെ തീരത്തെ നടപ്പാത ശോച്യവസ്ഥയിലാണെന്ന പരാതിയിൽ നടപടിയെടുക്കാൻ കോട്ടയം നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ഭക്ഷ്യസുരക്ഷാലൈൻസില്ലാതെ പഴയ ബോട്ടിൽ ഇവിടെ അനധികൃത ഹോട്ടൽ വ്യവസായം നടക്കുന്നുണ്ടെന്നും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തു നടപ്പാത കൈയേറിയിരിക്കുകയാണെന്നും പരാതിയുയർന്നു.

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടർന്ന് 36 ഹോട്ടലുകളിൽ പരിശോധന നടത്തിയെന്നും പഴകിയ ഭക്ഷണം കണ്ടെത്തിയ 14 ഹോട്ടലുകൾക്ക് പിഴ ഈടാക്കിയെന്നും നഗരസഭ അറിയിച്ചു. ജില്ലയിലെ പലയിടങ്ങളിലുമുള്ള ഷീ ഷോയ്‌ലറ്റുകൾ ജനങ്ങൾക്കു പ്രയോജനമില്ലാതെ അടഞ്ഞുകിടക്കുന്നത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നു ജില്ലാ കളക്ടർ നിർദേശിച്ചു. നാഗമ്പടം ബസ് സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രത്തിൽ ജലലഭ്യത അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കി പ്രവർത്തനക്ഷമമാക്കണമെന്നു കളക്ടർ നഗരസഭയ്ക്കു നിർദേശം നൽകി.

ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ, പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലയ്ക്കലോടി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.​


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299