04 November, 2026 09:24:09 AM
കോട്ടയത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ ഇന്നോവ; 18 കാരനെ പിടികൂടി നാട്ടുകാർ

തൃക്കൊടിത്താനം: നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ 8 കിലോമീറ്റർ പാഞ്ഞ ഇന്നോവയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കോട്ടയം തെങ്ങണയിലാണ് സംഭവം. തിരുവല്ല സ്വദേശിയായ ഡ്രൈവർ ഗോകുൽ ബിനുവിനെയും (18) വാഹനത്തെയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. പായിപ്പാട് മുതൽ കണ്ണോട്ട വരെ ഏകദേശം എട്ട് കിലോമീറ്ററോളമാണ് കാർ അപകടങ്ങൾ സൃഷ്ടിച്ച് ഭീതിപരത്തി പാഞ്ഞത്. വഴിനീളെയുള്ള നിരവധി വാഹനങ്ങളിൽ ഇടിച്ച കാറിന്റെ മുൻവശത്തെ ടയർ പൊട്ടിയിരുന്നു. എന്നാൽ കാർ നിർത്താൻ തയ്യാറാകാതിരുന്ന ഡ്രൈവർ, ടയറിന്റെ ഡിസ്ക് റോഡിലുരഞ്ഞ് തീപ്പൊരി ചിതറുന്ന നിലയിലാണ് വാഹനം മുന്നോട്ടു ഓടിച്ചത്. അപകടം കണ്ട് നാട്ടുകാർ കൈകാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അമിതവേഗതയിൽ മുന്നോട്ട് പായുകയായിരുന്നു. തുടർന്ന് നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്ന് തെങ്ങണയിൽ വെച്ചാണ് ഇന്നോവ തടഞ്ഞുനിർത്തിയത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




